Thursday, May 8, 2014

തോട്ടുങ്കല്‍ അപ്പൂപ്പന്‍റെ മുണ്ടും നേരിയതും...

പാലായിലെ പഴയകാല പ്രമാണിയും സര്‍വ്വോപരി ഫലിത പ്രിയനും ആയിരുന്നു തോട്ടുങ്കല്‍ അപ്പൂപ്പന്‍. അപ്പൂപ്പന്‍ എല്ലാ കാര്യങ്ങളെയും വളരെ നര്‍മ്മത്തോടെ കൈകാര്യം ചെയ്യുന്ന ആളായിരുന്നു..
അക്കാലാത്ത് പാലാ കുരിശു പള്ളിക്കല്‍ ഒരു കള്ളുകുടിയന്‍ ഉണ്ടായിരുന്നു.. മത്തായി എന്നാണ് പേര്. മത്തായി കള്ളടിച്ചാല്‍ ആരെയും തെറി വിളിക്കും . ഒരു പ്രമാണി ആയോണ്ട് സ്ഥിരമായി അപ്പൂപ്പന്‍ ആയിരുന്നു മത്തായിയുടെ ഇര.. അപ്പൂപ്പന് കുലുക്കം ഇല്ലെന്നു കണ്ടപ്പോ മത്തായി തെറിയുടെ വോള്‍ടെജ് കൂട്ടി... കടു കട്ടി സാധങ്ങള്‍ വരാന്‍ തുടങ്ങിയപ്പോ അപ്പൂപ്പനും തോന്നി, ഇതിനൊരു മൂക്ക് കയര്‍ ഇടണം എന്ന്.. 
അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരം മത്തായി ഫുള്‍ ഫിറ്റില്‍ കുരിശു പള്ളിക്കവലയില്‍ എത്തി..
നല്ല ഐസില്‍ പൊതിഞ്ഞതുക്കൂട്ട്‌ തെറിയാണ് മത്തായി വിടാന്‍ തുടങ്ങിയത്..
അപ്പൂപ്പന്‍ പതുക്കെ കസേര ഒക്കെ വെളിയിലേക്ക് ഇട്ട് വിശദമായിട്ട് തെറി ആസ്വദിച്ചു..
അന്നത്തെ തെറി മതിയാക്കി മത്തായി പോകാന്‍ ഒരുങ്ങിയപ്പോള്‍ അപ്പൂപ്പന്‍ മത്തായിയെ വിളിച്ചിട്ട് പറഞ്ഞു,..
"എടാ മത്തായി ഇന്നത്തെ തെറി വിളി കലക്കി, നീ തകര്‍ത്ത് കളഞ്ഞല്ലോടാ.. നീ എന്തായാലും ഇത്രേം കഷ്ടപ്പെട്ടതല്ലേ, ഈ മുണ്ടും നേരിയതും നിനക്കിരിക്കട്ടെ... ഇതേ എന്‍റെ കയ്യില്‍ തരാന്‍ ഒള്ളു... നീ ഒരു കാര്യം ചെയ്യ്, നാളെ ഇതിലെ നമ്മുടെ ദിവാന്‍ വരുന്നൊണ്ട്.. പുള്ളിയെ നീ കനത്തില്‍ രണ്ടെണ്ണം കേള്‍പിച്ചാല്‍ ഇതിലും നല്ലത് എന്തേലും കിട്ടും..."
മത്തായി വളരെ സന്തോഷവാനായി മടങ്ങി.
പിറ്റേന്ന് അതിലും ഉന്മേഷവാനായി അടിച്ച് പൂക്കുറ്റിയായി മത്തായി കവലയില്‍ എത്തി... അപ്പൂപ്പന്‍ പറഞ്ഞ പോലെ ദിവാന്‍ എത്തിയിട്ടൊണ്ട്..
എന്തായാലും പറ്റിയ അവസരം തന്നെ.. 
മത്തായി മുണ്ടൊക്കെ പറിച്ചെറിഞ്ഞിട്ടു തെറി തുടങ്ങി..
മത്തായിയുടെ തെറി കേള്‍ക്കാന്‍ ആളും കൂടി, ആള്‍ക്കാര്‍ കൂടിയപ്പോള്‍ നല്ല ആവേശത്തോടെ മത്തായി തെറി തുടര്‍ന്നു..
എന്തായാലും തെറി മുഴുവിക്കുന്നതിന് മുന്നേ തന്നെ പോലീസ്കാര് മത്തായിയെ പിടി കൂടി കെട്ടിയിട്ടു...
101 ചാട്ടവാര്‍ അടിക്ക് ദിവാന്‍ ഉത്തരവിടുകയും ചെയ്തു..
അങ്ങനെ മത്തായിക്കിട്ടു രണ്ട് കൊടുക്കണം എന്ന അടിസ്ഥാന ആവശ്യവും ദിവാനിട്ട് നാലെണ്ണം പറയണം എന്ന ചിരകാല സ്വപ്നവും അപ്പൂപ്പന്‍ സാധിച്ചെടുത്തു...

അപ്പൂപ്പന്‍ മണ്ണടിഞ്ഞിട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും അപ്പൂപ്പന്‍റെ മുണ്ടും നേരിയതും എന്നത് ഒരു ശൈലി ആയി പാലായില്‍ ഇന്നും അറിയപ്പെടുന്നു...

0 comments:

Post a Comment